Friday, November 5, 2010നീ

ആകാശത്തിന്‍റെ കൊടുമുടിയില്‍ നിന്നു വീഴുമ്പോള്‍
തീമുലകള്‍ കൊണ്‍ട് എന്നെ താങ്ങിയത് നീ ആയിരുന്നോ?
കൊടുംകാറ്റിന്‍റെ കാളക്കൂറ്റന്‍ എന്നെ ചിതറിക്കുമ്പോള്‍
പ്രണയത്തിന്‍റെ മുടിയിഴകള്‍ കൊണ്‍ട്
എന്നെ കെട്ടിയത് നീ ആയിരുന്നോ?
തിരമാലകള്‍ എന്നെ ചവിട്ടിത്താഴ്ത്തുമ്പോള്‍
ഒരു കിനാവള്ളിയായെന്നെ പൊതിഞ്ഞത്
നീ ആയിരുന്നോ?
മണല്‍ക്കാറ്റിന്‍റെ തീയിലുരുകുമ്പോള്‍
ഒരു നീരുറവയായി നിറഞ്ഞൊഴുകിയത്
നീ ആയിരുന്നോ?
പേടിസ്വപ്നങ്ങളില്‍
ചെകുത്താന്‍റെ തുറുകണ്ണുകള്‍ക്കിടയില്‍ പിടയുമ്പോള്‍
തീക്കണ്ണുകള്‍ കൊണ്‍ട്‍ വലയം തീര്‍ത്തത്
നീ ആയിരുന്നോ?

Wednesday, October 27, 2010

മരണവും പ്രണയവും

കാലം നടന്നു തീര്‍ത്ത വഴികളിലെവിടെയൊ ആണ്
അവന്‍റെ നിലവിളി
പ്രണയിനിയെ കാത്തുനിന്നത്
ആ നിലവിളി
നക്ഷത്രങ്ങളുടെ വേദനയില്‍ നിന്നാണ്
പ്രാണനെടുത്തത്
തിളയ്കുന്ന പ്രാണനില്‍
മരണവും പ്രണയവുമുണ്‍ടായിരുന്നു

അവസാനത്തെ അത്താഴം
പ്രണയം അവസാനത്തെ അത്താഴമേശയ്കരികില്‍ മൗനിയായി
സ്നേഹം ഒറ്റുകാരനെപോലെ തല കുനിച്ചു
പ്രണയത്തിന്‍റെ മെലിഞ്ഞ നിഴല്‍
മഗ്ദലനയുടെ ചിരിയ്കു മുകളിലൂടെ
കുരിശിന്‍റെ നിഴലിലേയ്കു ആണിയടിയ്കപ്പെടുന്നു.
സ്നേഹം ഒറ്റുകാരനേപ്പോലെ
മലയിറങ്ങി ജനങ്ങള്‍ക്കൊപ്പം
പ്രണയത്തിന്‍റെ നിലവിളി
അനാഥമായി ഇരുട്ടില്‍ തിളങ്ങി

Sunday, October 24, 2010

വിയോഗങ്ങളെ വിവാദങ്ങളാക്കുന്നവരോട്‌ ....എല്ലാം വിവാദമാക്കുകയും സിപിഐ എമ്മിനെതിരാക്കുകയും ചെയ്യുന്ന താല്‍പ്പര്യങ്ങളും ശക്തികളും തന്നെയാണ് കവി അയ്യപ്പന്‍റെ സംസ്കാരവും ഇപ്പോള്‍ വിവാദമാക്കുന്നതിനു ശ്രമിക്കുന്നത്.ഒരാള്‍ മരിച്ചാല്‍ സംസ്കരിക്കുക ബന്ധുക്കളും സുഹ്രുത്തുക്കളും കൂടിയാണല്ലൊ .സര്‍ക്കാര്‍ അയാള്‍ക്കു അര്‍ഹിക്കുന്ന ആദരവും ബഹുമനവും നല്‍കി അതിനു സൗകര്യമൊരുക്കുകയാണ് ചെയ്യേന്‍ടത്.ബന്ധുക്കളുടെയും കുട്ടുകാരുടേയും അഭിപ്രായം മാനിച്ച് സാംസ്കാരത്തിന്‍റേ തിയതി ഒരു ദിവസം നീട്ടിയാല്‍ ഇത്രയധികം വിവാദമാക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.കൂടുതല്‍ ആളുകള്‍ക്കു കേരളത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും എത്തിച്ചേരാന്‍ പാകത്തില്‍ ഒരു ദിവസം ക്രമീകരിക്കുന്നതില്‍ എന്ത് കുഴപ്പമാണുള്ളത്?

അയ്യപ്പന്‍റെ രോഗദിനങ്ങളിലും ആശുപത്രിയിലുമൊന്നും ഒരിക്കലും തിരിഞ്ഞു നോക്കാത്തവരാണിപ്പോള്‍ വലിയ പ്രശ്നങ്ങളുമയി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സര്‍ക്കാരും എംഎ ബേബിയും അയ്യപ്പന്‍റെ തുണയ്കു എപ്പോഴുമുണ്‍ടായിരുന്നു.കോഴിക്കോടും തിരുവനന്തപുരത്തും ഒക്കെ ആശുപത്രിയില്‍ കിടന്നപ്പോഴും ധനസഹായമടക്കം എല്ലാ കാര്യങ്ങളും ചെയ്തത് സര്‍ക്കാരും എംഎ ബേബിയും തന്നെയാണ്. രണ്‍ടു മാസം മുമ്പു അമ്പതിനായിരം രൂപ നല്‍കിയതും ഈ സര്‍ക്കാര്‍ തന്നെയാണ്.തെരുവിലും മോര്‍ച്ചറിയിലും അനാഥമായി കിടന്നപ്പോളുആരെയും കണ്‍ടില്ല. ശവസംസ്കാരം എങ്ങനെ നടത്തുമ്ന്നും ഇതുവരെ ആരും അന്വേഷിച്ചുമില്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും ആശുപത്രിയിലും മോര്‍ച്ചറിയിലും എപ്പോഴുമുണ്‍ടായിരുന്ന ചുരുക്കം ചിലരില്‍  ഒരാളെന്ന നിലയില്‍ എനിക്കിത് പരയാനുള്ള അവകാശമുണ്‍ടെന്നു ഞാന്‍ കരുതുന്നു.

അയ്യപ്പന്‍റേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും എപ്പോഴും മുന്‍കൂറായി പണം നല്‍കാനും തയ്യാറായിട്ടുള്ള ചിന്ത പബ്ളീഷേഴ്സിന്‍റെ ചുമതലക്കാരനെന്ന നിലയിലും അയ്യപ്പന്‍റെ സുഹ്രുത്തെന്ന നിലയിലും കര്യങ്ങള്‍ എനിക്കു വ്യക്തമായി അറീയാം. ദേശാഭിമാനിയിലും നഗരത്തിലുള്ള ദിവസങ്ങളിലൊക്കെ വന്നുകൊണ്‍ടിരുന്നത് പണത്തിനു മാത്രമല്ലായിരുന്നു എന്നു അയ്യപ്പന്‍ പറയുമായിരുന്നു. ഇതെന്‍റെ സ്ഥലമാണെന്നും എനിക്കവകാശപ്പെടതാണെന്നുമ് അയ്യപ്പന്‍ പറയുമായിരുന്നു

Saturday, October 23, 2010

സഞ്ചാരം


 പ്രണയസമുദ്രത്തിന്‍റെമുകളിലൂടെ 
പറക്കാനാണവന്‍ കൊതിച്ചത് ...

പക്ഷെ അവന്‍റെ നന്‍കുരം 
വീണത് തിരമാലകളിലായിരുന്നു ....

അവന്‍റെ പിറകെ പാഞത് 
വേടന്‍റെ അമ്പായിരുന്നില്ല ....

പ്രാണനെടുത്ത പ്രണയമായിരുന്നു ..

അമ്പിന്‍റെ മുനയില്‍
അവനൊഴിഞപ്പോഴൊക്കെ, 
അമ്പുകൊണ്‍ട് കൂട്ടുകാര്‍
ശവമന്ചത്തില്‍ യാത്രയായി ....

അവന്‍ കവിത ചുരികയാക്കി 
പ്രണയവുമായി കലഹിച്ചുകൊണ്‍ടേയിരുന്നു. ...

അവന്‍റെ രാത്രിസ്വപ്നങളില്‍ പൂമ്പാറ്റകളാണ്
പൂക്കളായി വിരിഞുകൊണ്‍ടിരുന്നത് ..

പുലരുമ്പോള്‍ പൂക്കളുടെ കണ്ണുകളി്ല്‍
ഉറുമ്പുകള്‍ കുട് കൂട്ടിയിരുന്നു ...

ഒരു വൈകുന്നേരം 
തെരുവിന്‍റെ തിരക്കുകള്‍ക്കിടയില്‍
പൂമ്പാറ്റകള്‍ ,
കമഴ്ന്നുവീണ അവന്‍റെ കണ്ണുകളിലേയ്കു
കൂടണയവേ ..

പുറകേ വന്ന അമ്പ്  ,
അവന്‍റെ കഴുത്തില്‍ ചുംബിച്ച് പറന്നുപോയി ..

അവനോ, 
അന്നാദ്യമായി അമ്പിന്‍റെ പുറകെ 
ആകാശത്തിലേയ്കു യാത്ര പോയി ....
( പ്രിയ സുഹൃത്ത്  അയ്യപ്പന്  )